India Kerala

മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക

മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ ബി.ജെ.പി സാധ്യതാ സ്ഥാനാർഥി പട്ടിക തയ്യാറാക്കി. ഓരോ മണ്ഡലത്തിലും മുൻഗണന ക്രമത്തിൽ സ്ഥാനാർഥികളുടെ പട്ടിക വീതമാണ് നൽകിയിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മറ്റി രണ്ട് ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

എ പ്ലസ് മണ്ഡലങ്ങളായി ബി.ജെ.പി വിലയിരുത്തിയിരിക്കുന്ന പത്തനംതിട്ട,പാലക്കാട് സീറ്റുകൾക്ക് വേണ്ടി പല മുതിർന്ന നേതാക്കളും അവകാശവാദമുന്നയിച്ചു. പത്തനംതിട്ടയിൽ പി.എസ് ശ്രീധരൻ പിള്ളക്ക് പുറമേ എം.ടി രമേശും കെ.സുരേന്ദ്രനും അവകാശവാദമുന്നയിച്ചു. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറും രംഗത്തെത്തി. തർക്കം നീണ്ടതോടെ യോഗത്തിനെത്തിയ ദേശീയ പ്രതിനിധികൾ മുൻഗണന ക്രമത്തിൽ ഓരോ സീറ്റിലേക്കും മൂന്ന് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ആവശ്യപ്പെട്ടു. ഇതു പ്രകാരം കുമ്മനം രാജശേഖരൻ സ്ഥാനാർഥിത്വം ഉറപ്പിച്ച തിരുവനന്തപുരം സീറ്റിലടക്കം മൂന്ന് സ്ഥാനാർഥികളുടെ പട്ടിക തയാറാക്കി ദേശീയ നേതൃത്വത്തിന് കൈമാറി.

ശ്രീധരൻ പിള്ളയുടെ പേരിനാണ് പത്തനംതിട്ടയിൽ പ്രഥമ പരിഗണന. തൃശൂരിൽ കെ.സുരേന്ദ്രനും പാലക്കാട് കൃഷ്ണകുമാറും പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി. പാലക്കാട് രണ്ടാമതാണ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതെന്നാണ്. സൂചന. കോഴിക്കോട് എം.ടി രമേശിനാണ് പ്രഥമ പരിഗണന. ചില സീറ്റുകളിലേക്ക് സ്വതന്ത്ര സ്ഥാനാർഥികളെയും പരിഗണിക്കുന്നുണ്ട്.