ഗവർണർക്കെതിരെ വിമർശനവുമായി സിപിഐ, സിപിഐഎം മുഖപത്രങ്ങൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റേത് ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണെന്നും രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും ജനയുഗം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനം കുറ്റപ്പെടുത്തുന്നു. ജയിൽ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും ലേഖനത്തിൽ വിമർശനമുണ്ട്.
ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ലേഖനങ്ങളാണ് ദേശാഭിമാനി എഴുതിയിരിക്കുന്നത്. മുസ്ലിം ഉന്മൂലനം ലക്ഷ്യമിടുന്ന പാർട്ടിയുടെ പിന്നാമ്പുറത്തുനടന്ന് വിലപേശി ഒരു രാഷ്ട്രീയ നേതാവിൻ്റെ പതനത്തിൻ്റെ അവസാന അധ്യായമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ദേശാഭിമാനി പറയുന്നു. ഗവർണർ പുലഭ്യം പറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്നു. അതൊരു ഗുണ്ടാ രാജ്ഭവനായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ധൂർത്താണ് രാജ്ഭവനിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.
ഗവർണർ ഉയർത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് രംഗത്തുവന്നു. ചരിത്ര കോൺഗ്രസിലെ പഴയ ഓർമ എന്ന കുറിപ്പോടെയാണ് പഴയ പ്രസംഗം വിഡിയോ സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള പൗരധർമമാണ് ചരിത്ര കോൺഗ്രസിൽ ചെയ്തതെന്ന് കെ കെ രാഗേഷ് കുറിപ്പിൽ പറഞ്ഞു.
‘ചരിത്ര കോൺഗ്രസ്സിലെ പഴയ ഓർമ്മ. ഭരണ ഘടന സംരക്ഷിക്കേണ്ട ആവശ്യകത ഓർമ്മിപ്പിക്കേണ്ടത് ജനാധിപത്യ മതേതര റിപ്പബ്ലിക്കിലെ പൗരധർമ്മം’. എന്നാണ് വിഡിയോയ്ക്കമുള്ള പോസ്റ്റ്.
കണ്ണൂർ ചരിത്ര കോൺഗ്രസിൽ തന്നെ ആക്രമിക്കാൻ ശ്രമം ഉണ്ടായെന്ന് ഇന്ന് വീണ്ടും പറഞ്ഞ ഗവർണർ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി കെ കെ രാഗേഷ് തടഞ്ഞുവെന്ന് ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ആരോപണമുയർത്തിയത്. ഫയലിൽ ഒപ്പിട്ടത് സമ്മർദം സഹിക്കാനാകാതെയാണെന്നും ഗവർണർ തുറന്നടിച്ചു. ചാൻസലർ പദവിയിൽ തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്തും ഗവർണർ പുറത്ത് വിട്ടു.