Kerala

പരാജയത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കവുമായി ബി.ജെ.പിയും ആര്‍.എസ്.എസും

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കവുമായി ആര്‍.എസ്.എസ് – ബി.ജെ.പി ശ്രമം. പാലക്കാട് കണ്ണമ്പ്രയില്‍ എൽ.ഡി.എഫ് സ്ഥാനാത്ഥിക്കും , എൽ.ഡി.എഫ് പ്രവർത്തകർക്കും നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്.

സംഘര്‍ഷത്തില്‍ എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണമ്പ്ര പഞ്ചായത്തിലെ കൊന്നഞ്ചേരി എട്ടാം വാര്‍ഡില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിബുവിനും, എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേരെയാണ് വടിവാളും ഇരു ദണ്ഡുകളുമായി ആര്‍.എസ്.എസ് – ബി.ജെ.പി സംഘം ആക്രമണം നടത്തിയത്.

കി‍ഴക്കുമുറിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പ്രകടനമായി വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദിയറിക്കാനെത്തുമ്പോഴായിരുന്നു അക്രമം അരങ്ങേറിയത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമി സംഘം വടിവാള്‍ വീശി. സി.പി.ഐ.എം പ്രവര്‍ത്തകരായ സുഭാഷ്, സുരേഷ് ബാബു എന്നിവര്‍ക്ക് ചെറിയ പരിക്കുണ്ട്. സംഭവത്തില്‍ സിപിഐഎം വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കി.