India Kerala

പിണറായിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതിയുമായി ബി.ജെ.പി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബി.ജെ.പി. ഇന്നു ചേരുന്ന പാർലമെന്റ് പ്രിവിലേജ് സമിതി യോഗത്തിൽ പിണറായി വിജയനെതിരായ അവകാശലംഘന പരാതി ബി.ജെ.പി ഉന്നയിക്കും. നിയമസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിലാണ് ബി.ജെ.പി പരാതി നൽകിയിരിക്കുന്നത് .സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നാണു ബി.ജെ.പിയുടെ ആരോപണം.

ഇന്ന് രാവിലെ 11ന് പാർലമെന്റ് മന്ദിരത്തിലാണ് സമിതി യോഗം ചേരുന്നത്. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് ആണ് ബി.ജെ.പിയുടെ ആരോപണം. രാജ്യസഭാംഗമായ ജി.വി.എൽ നരസിംഹറാവു ആണ് ഇക്കാര്യത്തിൽ പരാതി നൽകിയത് . മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും നിയമത്തിനെതിരായ പ്രമേയവും ചർച്ചകളും നിയമസഭാ രേഖകളിൽ നിന്ന് നീക്കണമെന്നുമാണ് നരസിംഹറാവുവിന്റെ ആവശ്യം.

പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ രാജ്യത്തെ ഒരു നിയമ സഭയ്ക്കും അധികാരമില്ലെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ യോഗത്തിന്റെ അജണ്ട നേരത്തെ നിശ്ചയിച്ചതാണ് എങ്കിലും മുഖ്യമന്ത്രിക്കെതിരായ പരാതി കൂടി പരിഗണിക്കണമെന്നാണ് ബി.ജെ.പി നിലപാട് . രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് അധ്യക്ഷനായ കമ്മിറ്റിയിൽ ബി.ജെ.പിക്ക് നാലും കോൺഗ്രസിന് രണ്ടും ഡി.എം.കെ, എ.ഐ.ഡി.എം.കെ, ബി.ജെ.ഡി എന്ന കക്ഷികളുടെ ഓരോ അംഗങ്ങളും ഉണ്ട്.