India Kerala

കോഴിക്കോട് നഗരത്തിലെ കുടിവെള്ള സ്രോതസുകളില്‍ കോളീഫോം ബാക്ടീരിയ കൂടുതലെന്ന് പഠനം

കോഴിക്കോട് നഗരത്തിലെ മിക്ക കുടിവെള്ള സ്രോതസുകളിലും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്ന കോളീഫോം ബാക്ടീരിയ കൂടിയ അളവിലെന്ന് പഠനം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ 80 ശതമാനത്തില്‍ കൂടിയ അളവിലാണ് ബാക്ടീരിയയുടെ സാന്നിധ്യം. കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

നഗരത്തിലെ സ്‌കൂളുകളിലെയും ഹോട്ടലുകളിലെയും സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കുടിവെള്ള സ്രോതസുകളിലെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ കൂടിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയത്.

വിവിധ കുടിവെള്ള സ്രോതസുകളായ തുറന്ന കിണറുകളിലെയും ബോര്‍വെല്ലുകളിലെയും കുടിവെള്ള പൈപ്പുകളിലെയും ജലം പഠനത്തിനായി ശേഖരിച്ചിരുന്നു. ഇങ്ങിനെ ശേഖരിച്ച 723 സാംപിളുകളില്‍ 80 ശതമാനത്തിലും കൂടിയ അളവിലാണ് കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഏതാനും സാംപിളുകളില്‍ ഇ കോളി ബാക്ടീരിയയും കണ്ടെത്തിയിട്ടുണ്ട്.

മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെയാണ് കുടിവെള്ളത്തില്‍ ബാക്ടീരിയ പടരുന്നത്. കൂടാതെ കൃത്യമായി കുടിവെള്ള ടാങ്ക് വൃത്തിയാക്കാത്തതും ബാക്ടീരിയ പടരുന്നതിന് കാരണമാവുന്നു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.