India Kerala

‘മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും’; ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്ന് ബിനോയ് വിശ്വം


ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കാനുള്ളതല്ല. ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്ലാ മതത്തിലും നവീനമായ ചിന്തകള്‍ ശക്തിപ്പെടുന്നുണ്ടെന്നും ആ ചിന്തകളെ പാപമായി ഒരു മതവും കാണാന്‍ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളേപ്പറ്റി ഇന്നലെ പറഞ്ഞ അതേകാര്യങ്ങള്‍ എന്നും പറയാമെന്ന് മതം ശാഠ്യംപിടിച്ചാല്‍ ചിലപ്പോള്‍ ആ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരുമെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് മതങ്ങൾക്കുള്ളിൽ വളർന്നുവരുന്ന ജനാധിപത്യപരമായ നവീന ആശയങ്ങളെ അതുപോലെ കാണാനും ഉൾക്കൊള്ളാനും മതങ്ങൾ പഠിക്കണം. അല്ലെങ്കിൽ എല്ലാ മതങ്ങൾക്കുള്ളിലും മതഭ്രാന്തന്മാർ ശക്തിപ്പെടുമെന്നും ആ മതഭ്രാന്ത് മതങ്ങളെ തന്നെ ചിലപ്പോൾ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്നും ഇസ്ലാം മതത്തിനുള്ളിൽ തന്നെ മാറ്റത്തിനായി ആവശ്യം ഉയരുന്നുണ്ടെന്നും അത്തരം ചിന്തകളെ പാപമായി കാണരുതെന്നും സിപിഐ നേതാവ് കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അവകാശ ബോധം ഉയർന്നു വരുന്നുണ്ട്.

നവീന ആശയങ്ങളെ അതേപോലെ കാണാൻ തയ്യാറാവണം. അല്ലാതിരുന്നാൽ വിഭാഗീയ ശക്തികൾ അത് മുതലെടുക്കുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.ബിജെപി രാഷ്ട്രീയ അജണ്ട ലക്ഷ്യംവെച്ചാണ് ഏക സിവില്‍ കോഡുമായി മുന്നോട്ടുപോകുന്നതെന്നും പ്രസംഗത്തില്‍ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.