പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ ഇന്ന് വിധി പറയും. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് വിധി പറയുന്നത്. നിരവധി തെളിവുകളാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി ഇന്നലെയും കോടതിയിൽ ഹാജരാക്കിയത്. യുവതിയുടെ വാദങ്ങൾക്ക് മറുപടി പറയാൻ ബിനോയുടെ അഭിഭാഷകന് കോടതി സാവകാശം നൽകി. ജാമ്യാപേക്ഷയിൽ വിധി പറയും വരെ ബിനോയുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.
ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയത്. വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ പണം തട്ടാനുള്ള ശ്രമമാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇമെയിലിൽ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും യുവതിക്ക് നിയമസഹായം നൽകാൻ ഒപ്പമുണ്ടായിരുന്നു. വാദങ്ങൾ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ എഴുതി നൽകി.ബിനോയ്ക്കെതിരെ ദുബൈയിൽ ക്രിമിനൽ കേസുള്ളത് മുൻകൂർ ജാമ്യ ഹരജിയിൽ മറച്ചുവച്ചു, കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയാണ് ബിനോയ്യുടെ അച്ഛൻ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പിച്ചില്ല തുടങ്ങിയ കാര്യങ്ങൾ നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവിഭാഗത്തിന്റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം.എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി പറയുക.