Kerala

ബിൻസിയുടെ മരണം : ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

പന്തളം മങ്ങാരം സ്വദേശിനി ബിൻസി ഭർത്താവിന്റെ മാവേലിക്കരയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിൻസിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.

മങ്ങാരം സ്വദേശിനി ബിൻസി ആത്മഹത്യ ചെയ്ത കേസിൽ മാവേലിക്കര പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാണ് ബിൻസിയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ ചെയ്യും മുൻപ് ബിൻസി മൊബൈലിൽ ചിത്രീകരിച്ച വീഡിയോകൾ തന്നെ ഭർത്താവിന്ർറെ വീട്ടിൽ എത്രത്തോളം ശാരീരികമാനസിക പീഡനങ്ങൾ നേരിട്ടു എന്നതിന്റെ തെളിവാണെന്നും ബിൻസിയുടെ ബന്ധുക്കൾ പറയുന്നു.

ഇന്നലെ ബിൻസിയെ ഭർതൃമാതാവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് നൽകിയതിന് പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.

വിഷയത്തിൽ വനിതാ കമ്മീഷനും പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ബിൻസിയുടെ ഭർതൃമാതാവിനെ പോലീസ് വിട്ടയക്കുകയാണുണ്ടായത്. ഇന്ന് ബിൻസിയുടെ കുടുംബാംഗങ്ങൾ മാവേലിക്കര സ്റ്റേഷനിൽ എത്തി ബിൻസിയുടെ മൊബൈൽ ഫോൺ പോലീസിന് കൈമാറും. ഇതിന് പുറമെ ബിൻസിയുടെ മരണത്തിൽ ഭർത്താവ് ജിജോയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകും. ലോക്കൽ പോലീസ് കേസന്വേഷണത്തിൽ കാണിക്കുന്ന ഉദാസീനത കോടതിയുടെ മുന്നിൽ തുറന്നു കാണിക്കാനാണ് ബിൻസിയുടെ കുടുംബത്തിന്റെ തീരുമാനം.