Kerala

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; നിയമ നടപടിക്ക് രമേശ് ചെന്നിത്തല

ബാര്‍ കോഴ കേസിലെ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ നിയമനടപടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിന് എതിരെ വക്കീല്‍ നോട്ടീസ് അയക്കും. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ആവശ്യം.

അതേസമയം ബാര്‍ കോഴക്കേസ് ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രമേശ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ കേസ് ഒത്തുതീര്‍പ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേശ് മാധ്യമങ്ങളോട് ചോദിച്ചു.

കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ അതിലൊന്നും കേസെടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സുകേശന്‍ പറഞ്ഞു. 164 സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുന്‍പ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അക്കാരണംകൊണ്ടാണ് 164 സ്റ്റേറ്റ്‌മെന്റില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്.

ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു. ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നു. സൂക്ഷിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം പറഞ്ഞിരുന്നു. വാഹനാപകടം വരെ പ്രതീക്ഷിച്ചിരുന്നു. തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. രണ്ട് തമിഴ്‌നാട് സ്വദേശികളെ തന്റെ വീട്ടില്‍ നിന്ന് പിടിച്ചു. ഒരാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചിട്ടും ഉന്നത ഇടപെടലില്‍ പൊലീസ് കേസെടുത്തില്ലെന്നും ബിജു രമേശ് ആരോപിച്ചു.