തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും . എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയാണ് കേസ് പരിഗണിക്കുന്നത്. ബിജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബിജുവിനോട് കീഴടങ്ങാനാണ് കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തി കീഴടങ്ങിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്. ഗൾഫിൽനിന്ന‌് സ്വർണം കടത്താനും ബിജുവുണ്ടായിരുന്നുവെന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ബിജുവിന്റെ ഭാര്യയടക്കം അറസ്റ്റിലായ പത്തിലധികം പ്രതികൾ സ്വർണകടത്തിൽ ബിജുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. അഭിഭാഷകൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഡി.ആർ.ഐ കോടതിയെ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കടത്തിന്റെ വിവരങ്ങൾ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തുന്നില്ല.
അഡ്വ.ബിജുവിന്റെ സംഘം വൻതോതിൽ സ്വർണം കടത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് കടത്തിയ സ്വർണം പി.പി.എം ജ്വല്ലറിയിൽ വിറ്റത് താനെന്ന് മാത്രം വെളിപ്പെടുത്തിയെന്നും കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നുമാണ് ഡി.ആർ.ഐയുടെ ആവശ്യം. തനിക്ക് ജാമ്യം അനുവദിക്കണണമെന്നാവശ്യപ്പെട്ട് ബിജുവും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.