ഇനി ക്ലാസ് മുറികളിലും മരത്തണലിലും ഇരുന്ന് ഉച്ചഭക്ഷണം കഴിക്കേണ്ട, വിദ്യാര്‍ത്ഥികള്‍ക്കായി ഇനി ഡൈനിങ് ഹാളുകള്‍ ഒരുങ്ങുകയാണ്. ഭക്ഷണം വാങ്ങി ക്ലാസ്മുറികളിലും മരത്തണലിലും കഷ്ടപ്പെട്ടിരുന്ന് കഴിക്കുന്ന അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സുഖമായിരുന്ന് ഭക്ഷണം കഴിക്കാനുതകുംവിധം ഹാളുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് ഹാള്‍ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തുക. ഇതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി. കെഇആര്‍ നിബന്ധനകള്‍ പാലിച്ചും പ്രവേശന കവാടം ഭിന്നശേഷി സൗഹൃദമായുമുള്ള ഹാളുകളാണ് നിര്‍മ്മിക്കേണ്ടത്. രണ്ട് വാതിലുകളുള്ളതും ബലമേറിയ അടിത്തറയും ചുമരുമുള്ളതും ആവശ്യത്തിന് ജനലുകളുള്ളതുമായ കെട്ടിടങ്ങളുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തോ ജിഐ ഷീറ്റുകൊണ്ടോ പിവിസി ഷീറ്റ് കൊണ്ടോ വേണം നിര്‍മ്മിക്കാന്‍.
തറയില്‍ സിറാമിക് അല്ലെങ്കില്‍ വിട്രിഫൈഡ് ടൈലുകള്‍ പാകുകയും വേണം. കോണ്‍ക്രീറ്റല്ലാത്തവയ്ക്ക് ഗുണമേന്മയുള്ള സീലിങ് നിര്‍മ്മിക്കണം. 20-കുട്ടികള്‍ക്ക് ഒന്നെന്ന നിലയില്‍ കൈകഴുകാനുള്ള വാഷ്‌ബേസിനുകളും ആവശ്യത്തിന് ഫാനുകളും വേണമെന്നും നിര്‍ദ്ദേശമുണ്ട്.