Kerala

പെരിയ കേസ്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ – സി.ബി.ഐ ഏറ്റുമുട്ടല്‍

കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ ആരോപിച്ചു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കൈമാറാത്തതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി

പെരിയ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍-സിബിഐ ഏറ്റുമുട്ടല്‍. കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ ആരോപിച്ചു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കൈമാറാത്തതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന പരാതി സി.ബി.ഐ ഹൈക്കോടതിയുടെ മുന്നിലുന്നയിച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യം ക്രൈംബ്രാഞ്ച് അവഗണിച്ചു. കേസ് ഡയറി കണ്ടിട്ട് ശേഷമേ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കാവൂ.

കേസിന്‍റെ പ്രത്യേകത പരിഗണിച്ച് കേസ് ഡയറി ഹൈക്കോടതി സൂക്ഷിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കേസ് ഡയറി കൈമാറാത്തതെന്നായിരുന്നു സര്‍ക്കാറിന്‍റെ വിശദീകരണം. ഉത്തരവിട്ടാല്‍ കേസ് ഡയറി കോടതിക്ക് കൈമാറാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇരുകൂട്ടരുടേയും വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെച്ചു. സി.പി.എം പ്രാദേശിക നേതാക്കള്‍ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. ഇതിനെതിരെ 2019 ഒക്ടോബർ 26 ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി ഒമ്പതു മാസത്തിന് ശേഷം ഡിവിഷന് ബഞ്ചും സി.ബി.ഐക്ക് കേസ് വിട്ട് ഉത്തരവായിരുന്നു. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ കേസ് ഡയറി ആവശ്യപ്പെട്ട് 4തവണ സിബിഐ ക്രൈബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് അറിയിച്ച് സി.ബി.ഐ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിക്ക് നോട്ടിസും നൽകിയിട്ടുണ്ട്.