തിരുവനന്തപുരം ഭരതന്നൂരിൽ മരിച്ച പതിനാലു വയസ്സുകാരൻ ആദർശിന്‍റെ മൃതശരീരം റീ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടി ഇന്ന് പുറത്തെടുക്കും. രാവിലെ 11 മണിയോടു കൂടി ക്രൈംബ്രാഞ്ച് സംഘമെത്തിയാണ് മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത്. അതേ സമയം കുട്ടിയുടെ ആദ്യ പോസ്റ്റ്മോർട്ടത്തിൽ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയത്. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ നിലയിലാണ് എന്ന് ഇൻക്വസ്റ്റ് നടപടികളിൽ രേഖപ്പെടുത്തിയിട്ടും കുട്ടിയുടെ രഹസ്യ ഭാഗങ്ങൾ പരിശോധിക്കാൻ പോസ്റ്റ്മോർട്ടത്തിൽ ശ്രമം നടന്നില്ല.
ഇതുമൂലം കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് ഡോക്ടർമാരുടെ സംഘമുണ്ടെന്നിരിക്കെ കടയ്ക്കലിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്കാണ് ആദ്യം ആദർശിന്‍റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ അന്ന് കൊണ്ടുപോയത്. വീഴ്ചകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. കുട്ടിയുടെ വസ്ത്രം പകുതി അഴിച്ചു മാറ്റിയിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിലും രഹസ്യഭാഗങ്ങളിൽ കൃത്യമായ പരിശോധന പോസ്റ്റ്മോർട്ടത്തിൽ നടത്തിയില്ല.
ഇതു മൂലം ആദർശെന്ന പതിനാലു വയസ്സുകാരൻ പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ലാതെപ്പോയി. കൊലപാതകിയുടെ ഉദ്ദേശ്യം സംബന്ധിച്ച് കൃത്യമായ തെളിവുണ്ടാക്കാനും ഇതുമൂലം സാധിച്ചില്ല. രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് സംഘം ആദർശിന്‍റെ കല്ലറ പൊളിക്കും. ഇതിന് ശേഷം മൃതശരീരാവശിഷ്ടങ്ങൾ ലാബിലേക്ക് ശേഖരിച്ച് അയക്കും. റീ പോസ്റ്റുമോർട്ടത്തിന്‍റെ സാധ്യതകൾ അനുകൂലമാണെന്ന് കാണിച്ച് വിദഗ്ധ ഡോക്ടർമാരുടെ സംഘം ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ്, ആദർശിന്‍റെ മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങൾ വീണ്ടും പരിശോധിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ കേസിൽ കൃത്യമായ തുമ്പുണ്ടാക്കും എന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന് ഇപ്പോഴുള്ളത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി.കെ ഹരികൃഷ്ണനാണ് ഈ കേസിന്‍റെ അന്വേഷണ ചുമതല.