തിരുവനന്തപുരം ഭരതന്നൂരില്‍ പുറത്തെടുത്ത പതിനാലു വയസുകാരന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികൾ ഇന്ന് ആരംഭിക്കും. മരണകാരണം ഉള്‍പ്പെടെ ആദ്യം മുതല്‍ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനകളെക്കുറിച്ച് ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
ആദര്‍ശ് വിജയന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹതകൾ ഒഴിവാക്കാനാണ് പത്ത് വര്‍ഷം മുന്‍പ് മറവ് ചെയ്ത മൃതദേഹം ഇന്നലെ പുറത്തെടുത്തത്. തലയോട്ടിയും വാരിയെല്ലും പല്ലും ഉള്‍പ്പെടെ ഭൂരിഭാഗം അസ്ഥികളും ഇന്നലെ വീണ്ടെടുക്കാനായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലെ സംഘം ഇന്ന് അവ പരിശോധിക്കും. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന തെളിവുകള്‍ ആദ്യം മുതല്‍ വിലയിരുത്തി തുടരന്വേഷണത്തിലേക്ക് കടക്കാനാണ് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെ മരണകാരണം തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കെന്ന് ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് ആദ്യ പരിശോധന.
ഡി.എന്‍.എ ഉള്‍പ്പെടെയുള്ള മറ്റ് പരിശോധനകളും ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകാൻ മൂന്ന് മാസത്തിലധികം വേണമെന്നാണ് വിവരം. പരിശോധനകള്‍ തുടരുന്ന അതേ സമയം തന്നെ പ്രതികളെന്ന് സംശയമുള്ള ചിലരെ കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് തുടങ്ങി. 2009 ഏപ്രില്‍ 5ന് വൈകിട്ടാണ് ആദര്‍ശിനെ കാണാതായതും പിന്നീട് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതും. മുങ്ങിമരണമെന്ന് വിധിയെഴുതി ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരും ഉപേക്ഷിച്ചതാണ് ഇത്രയും വര്‍ഷങ്ങള്‍ പാഴാകാനിടയാക്കിയത്.