India Kerala

‘’എല്ലാ ഡാമുകളും തുറക്കുന്നു, പെട്രോള്‍ കിട്ടില്ല…’’; വ്യാജ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേരളം വീണ്ടുമൊരു ദുരിതകാലത്തെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ”ചിലര്‍ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ഇത് പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുന്ന സമീപനമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡാമുകൾ എല്ലാം തുറന്ന് വിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. പെട്രോൾ പമ്പുകൾ അടച്ചിടുന്നുവെന്നും പെട്രോള്‍ ക്ഷാമം അനുഭവപ്പെടുമെന്നുമുള്ളത് വ്യാജ സന്ദേശമാണ്. ഇന്ന് രാവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളം ദുരിതകാലത്തെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുമ്പോള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണവും ഇതിന്റെ യാഥാര്‍ഥ്യമറിയാതെ മറ്റുള്ളവരിലേക്ക് പങ്കുവെക്കപ്പെടുന്നതും അധികൃതര്‍ക്ക് കുറച്ചൊന്നുമല്ല തലവേദനയുണ്ടാക്കുന്നത്. നാളെ കേരളത്തില്‍ വൈദ്യുതി മുടങ്ങും, എ.ടി.എമ്മുകളില്‍ പണം തീരുന്നു, ഉടന്‍ പെട്രോള്‍ ശേഖരിക്കുക, എല്ലാ ഡാമുകളും തുറക്കുന്നു തുടങ്ങിയവയൊക്കെയാണ് നിലവില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍. ഇതിന്റെയൊക്കെ യാഥാര്‍ഥ്യം അന്വേഷിക്കാതെ പലരും ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.