Kerala

ഒരാളും നിരാശപ്പെടരുത്, ബ്രാൻഡ് മുഖ്യം; ഓണക്കാലത്ത് മദ്യവിൽപ്പന പൊടിപൊടിക്കാൻ ബെവ്കോയുടെ നിർദേശങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം : ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ ഒരു പിടി നിര്‍ദ്ദേശങ്ങളുമായി ബവ്കോ. ജനപ്രിയ ബ്രാന്‍റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നും എംഡി പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മദ്യത്തിന്‍റെ വിൽപ്പന കുറഞ്ഞെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നിലനിൽക്കെയാണ് ഓണക്കച്ചവടത്തിൽ കുറവൊന്നും വരാതിരിക്കാൻ ബെവ്കോയുടെ നടപടി. ഉത്സവ സീസണിൽ റെക്കോഡ് വിൽപ്പനയാണ് പതിവ്. മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയ്ർഹൗസ് -ഔട്ട് ലെററ് മാനേജർമാർക്കുള്ള നിർദ്ദേശം. ജനപ്രിയ ബ്രാൻറുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാൻറും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാൻറായ ജവാൻ റം നൽകണം.

 ഡിജിറ്റൽ പണം ഇടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതൽ വേണമെന്നും നിര്‍ദ്ദേശമുണ്ട്. ഡിജിറ്റൽ ഇടപാടിൽ മുന്നിൽ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകള്‍ക്ക് അവാർഡ് നൽകും. തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെററുകള്‍ വൃത്തിയായി സൂക്ഷിക്കണം. വിൽപ്പന കൂടുതലുള്ള ഓണം സീസണിൽ ജീവനക്കാർ അവധിയെടുക്കാൻ പാടില്ല. ബാങ്ക് അവധിയായ ദിവസങ്ങളിൽ പ്രതിദിന കളക്ഷൻ മൂന്നു മണിക്കു മുമ്പ് വെയ്ർ ഹൗസുകളിൽ എത്തിക്കണം. നിർദ്ദേശങ്ങള്‍ തെറ്റിക്കുന്ന ഉദ്യോഗസ്ഥർക്ക് ബോണസുണ്ടാവില്ല. വിൽപ്പനയില്ലാതെ ഔട്ട് ലെറ്റുകളിൽ ഏതെങ്കിലും ബ്രാൻറ് കെട്ടികിടക്കുന്നുണ്ടെങ്കിൽ, വിൽപ്ന തീയതി കഴിഞ്ഞവയല്ലെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വിൽക്കാൻ പാടുള്ളൂ. എല്ലാം ശരിയാണോ എന്ന് ഉറപ്പിക്കാൻ മിന്നൽ പരിശോധനകളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.