Kerala

തൃക്കാക്കരയിൽ തിളങ്ങി നിൽക്കുന്നത് യുഡിഎഫാണ്; കെ വി തോമസ്‌ പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ എം.പി

തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ ബെന്നി ബെഹന്നാൻ എം.പി. കെ വി തോമസ്‌ കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ. നിലവിൽ എഐസിസി അംഗമല്ലെന്ന് അദ്ദേഹം വ്യകതമാക്കി. എഐസിസിയുടെ കാലാവധി കഴിഞ്ഞു. പുതിയ ആളുകളെ തെരഞ്ഞെടുക്കാൻ പോകുന്നതേയുള്ളു. സാങ്കേതികമായി തോമസ് മാഷോ ഞാനോ എഐസിസി മെമ്പർ അല്ല.

ഇപ്പോൾ അദ്ദേഹം എടുത്തിരിക്കുന്ന നിലപാടിനെ പറ്റി കൂടുതലൊന്നും പറയാനില്ല. വർഷങ്ങളായിട്ട് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഗൂഢാലോചനയാണ് നടത്തിയത്.അതിനൊരു അവസാനം വന്നു. ഇതൊരു അടഞ്ഞ അധ്യായമായി ഞങ്ങൾ കാണും. തൃക്കാക്കരയിൽ തിളങ്ങി നിൽക്കുന്നത് യുഡിഎഫാണ്. മാഷിന് ഇവിടെ വോട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും വോട്ടില്ല. അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ച കോൺഗ്രസ് പാർട്ടിയോടാണ് ആത്മ വഞ്ചന നടത്തിയത്. സഭയ്ക്ക് അവരുടേതായ പാരമ്പര്യമുണ്ട്, അവരുടേതായ വീക്ഷണമുണ്ട് അതൊന്നും ഒരു വ്യക്തിക്ക് സ്വാധിനീക്കാനാവില്ലെന്നും ബെന്നി ബെഹന്നാൻ എം.പി വ്യകത്മാക്കി.

എന്നാൽ തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു.