Kerala

വാക്കുതര്‍ക്കത്തിനിടെ മലപ്പുറത്ത് തൊഴിലാളി കൊല്ലപ്പെട്ട സംഭവം: ബംഗാള്‍ സ്വദേശി പിടിയില്‍

മലപ്പുറം ചിറയില്‍ അയനിക്കാട്ട് തര്‍ക്കത്തിനിടയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ കൂടെ താമസിക്കുന്നയാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശി മൊഹിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. വാക്കു തര്‍ക്കത്തിനിടെ കാദര്‍ അലി ഷെയ്ഖിനെ ഇയാള്‍ തലയ്ക്കു അടച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. 

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കൊണ്ടോട്ടി തറയിട്ടാല്‍ റോഡരികിലായിരുന്നു സംഭവം. ഇതിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കാദര്‍ അലി ഷെയ്ഖും, മൊഹിദുല്‍ ഷെയ്ഖും താമസിച്ചിരുന്നത്. വിമാനത്താവളത്തിലെ സാറ്റലൈറ്റ് സ്റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണ ജോലിക്ക് എത്തിയതാണ് തൊഴിലാളികള്‍. ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം റോഡിലേക്ക് എത്തുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ ഖാദറലി ഷെയ്ഖിന്റെ തലയ്ക്കു കല്ലു കൊണ്ട് ഇടിയേറ്റു.

റോഡരികില്‍ വീണ തൊഴിലാളിയെ നാട്ടുകാര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ ബര്‍ധമാന്‍ സ്വദേശി മൊഹിദുല്‍ ഷെയ്ഖിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.