Kerala

വട്ടകപ്പാറമല വനംകൊള്ള: വിജിലന്‍സ് അന്വേഷണത്തിലും അട്ടിമറി നീക്കത്തിന് സാധ്യത

വട്ടകപ്പാറമല വനം കൊള്ള കേസിലെ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണത്തിലും അട്ടിമറി നീക്കത്തിന് സാധ്യത. ജനകീയ സംരക്ഷണ സമിതി പരാതി നല്‍കി ഒരു വര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. വനഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്താന്‍ നേതൃത്വം നല്‍കിയ പാറമട ലോബിക്കെതിരെ നടപടിയില്ലാത്തതും കേസില്‍ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്.

പൊലീസ്, റവന്യു വകുപ്പ് അന്വേഷണങ്ങളില്‍ യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാതായതോടെയാണ് ജനകീയ സംരക്ഷണ സമതി ഫോറസ്റ്റ് വിജിലന്‍സ് സംഘത്തിന് പരാതി നല്‍കിയത്. 2020 ഫെബ്രുവരി 11ന് പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന കുഞ്ഞുമോന്‍ തോമസ്, എം.ടി എബ്രഹാം, സിജു തോമസ് എന്നിവരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഫോറസ്റ്റ് കണ്‍സര്‍‌വേറ്റീവ് ആക്ടിലെ സെക്ഷന്‍ രണ്ട്, കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ ഇരുപത്തേഴ് തുടങ്ങിയ താരതമേന്യ ശക്തമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഒറിജിനല്‍ റിപ്പോര്‍ട്ടില്‍ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ഇതനുസരിച്ചു കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. കേസെടുത്തതിന് പിന്നാലെ കോവിഡ് രൂക്ഷമായതാണ് നടപടികള്‍ വൈകുന്നതിന് കാരണമായി അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. അതേസമയം വന ഭൂമിയിലെ മരം മുറിക്ക് നേതൃത്വം നല്‍കിയ ഡെല്‍റ്റ ഗ്രൂപ്പിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2019 മാര്‍ച്ച് മാസത്തില്‍ മരങ്ങള്‍ മുറിച്ച് കടത്തിയതിന് പിന്നാലെ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ ഇക്കഴിഞ്ഞ മെയ് 28ന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതേസമയം ജനകീയ സമര സമിതി പ്രവര്‍ത്തകര്‍ക്ക് പിന്നാലെ ഭരണ കക്ഷിയായ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും റാന്നി ഡി.എഫ്.ഒക്ക് കേസില്‍ പരാതി നല്‍യിട്ടുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും റാന്നിയിലെത്തി കേസില്‍ നടപടികള്‍ ആരംഭിച്ചു.