രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് താക്കീതുമായി മന്ത്രിമാർ. ഒന്നാം പാക്കേജ് മാതൃക ആക്കാമെന്ന് കരുതുന്ന ഉദ്യോഗസ്ഥർ സ്ഥലംമാറ്റം വാങ്ങി പോകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടനാട്ടിലെ ജനങ്ങളുമായി ചർച്ച ചെയ്തായിരിക്കും പാക്കേജ് നടപ്പിലാക്കുകയെന്ന് കൃഷിമന്ത്രി പി പ്രസാദും വ്യക്തമാക്കി. .
പാഴായിപ്പോയ ഒന്നാം കുട്ടനാട് പാക്കേജിനെതിരെ കുട്ടനാട്ടുകാർ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഒഴുക്ക് നിലച്ചും മടവീണും കുട്ടനാട് നിരന്തരം വെള്ളത്തിലായത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഈ സാഹചര്യത്തിൽ രണ്ടാം കുട്ടനാട് പാക്കേജിൽ വീഴ്ച അനുവദിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. രൂക്ഷ ഭാഷയിലായിരുന്നു ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ താക്കീത്.
കുട്ടനാടിന്‍റെ ഭൂപ്രകൃതിയെക്കുറിച്ച് പഠിക്കാതെ പദ്ധതികൾ നടപ്പിലാക്കുന്നു എന്ന പരാതിയും കുട്ടനാട്ടുകാർ നിരന്തരം പറയുന്നതാണ്. രണ്ടാം കുട്ടനാട് പാക്കേജിൽ ഈ പരിഗണന ഉണ്ടാകുമെന്ന് മന്ത്രി പി പ്രസാദിന്‍റെ ഉറപ്പ്. 2018ലെ പ്രളയം മുതല്‍ ഇങ്ങോട്ട് മൂന്നുതവണ മടവീണ് തകർന്ന കനകാശേരിക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ ശാസ്ത്രീയ പഠനതത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രിമാർ ചുമതലപ്പെടുത്തി.