Kerala

കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനായി വീട്ടിലെത്തിക്കും

അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും.

ആദ്യം എന്‍എസ്എസ് കരയോഗം ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. കുട്ടനാടിന്റെ പ്രിയപ്പെട്ട കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ എത്തിച്ചേരും.

ഏറെ നാളായി ചികിത്സയിലായിരുന്ന ബീയാര്‍ പ്രസാദ് ഇന്നലെ വൈകിട്ടാണ് ചങ്ങനാശേരിയിലെ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.

അറുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട് ബീയാര്‍ പ്രസാദ്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് അദ്ദേഹം സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബീയാര്‍ പ്രസാദ് 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകന്‍, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷന്‍ അവതാരകരിലൊരാളായിരുന്നു ബീയാര്‍ പ്രസാദ്.