ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് ആവശ്യപ്പെട്ട് ബിഡിജെഎസ്. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് ആവശ്യമുന്നയിച്ചത്. ആകെ 6 സീറ്റ് ആവശ്യപ്പെട്ട ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുമെന്നും സൂചന നല്‍കി.(BDJS stakes claim for Thrissur seat Lok Sabha Elections)
ബിജെപി എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സുരേഷ്‌ഗോപി മത്സര രംഗത്ത് സജീവമായിരിക്കെയാണ് തൃശ്ശൂര്‍ സീറ്റിന് മേല്‍ അവകാശവാദമുന്നയിച്ച് ബിഡിജെഎസും രംഗത്തെത്തുന്നത്. കൊച്ചിയില്‍ നടന്ന
എന്‍ഡിഎ നേതൃയോഗത്തിലാണ് സീറ്റിന്‍മേലുള്ള ആവശ്യം പാര്‍ട്ടി മുന്നോട്ടു വച്ചത്.
തൃശ്ശൂരിന് പുറമേ കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി, വയനാട് ഉള്‍പ്പെടെ ആറ് സീറ്റുകളാണ് ബിഡിജെഎസിന്റെ ലക്ഷ്യം. എന്നാല്‍ തൃശ്ശൂരിന് മേലുള്ള അവകാശവാദം മുളയിലേ നുള്ളിയ ബിജെപി മാവേലിക്കര, കോട്ടയം സീറ്റുകളുടെ കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല. മാവേലിക്കരയില്‍ പി.സുധീറും, കോട്ടയത്ത് അനില്‍ ആന്റണിയുമാണ് ബിജെപിയുടെ മനസില്‍.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന ബിഡിജെഎസ് നേതൃത്വം നല്‍കിയിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിക്കുമെന്ന് യോഗത്തെ ബിഡിജെഎസ് അറിയിച്ചു. മത്സര സാധ്യതയുള്ള മണ്ഡലം തന്നെ തുഷാറിനായി നീക്കി വയ്ക്കാനും ധാരണയായി.