India Kerala

ബി.ജെ.പിയുമായി ധാരണയായി, ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണ. ബി.ഡി.ജെ.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാലു സീറ്റെന്ന കാര്യത്തില്‍ ബി.ജെ.പി വിട്ടു വീഴ്ച്ചക്ക് തയ്യാറാകുകയായിരുന്നു. മൂന്ന് സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകുകയും ചെയ്തു.

ഇടുക്കി, വയനാട്, ആലത്തൂര്‍ സീറ്റ് സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. മറ്റ് രണ്ട് സീറ്റ് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ബി.ജെ.പി മത്സരിക്കാന്‍ തീരുമാനിച്ച തൃശൂര്‍, പത്തനംതിട്ട, പാലക്കാട്,എറണാകുളം എന്നിവയിലേതെങ്കിലും രണ്ട് സീറ്റാണ് ബി.ഡി.ജെ.എസ് ചോദിക്കുന്നത്. എന്നാല്‍ ഈ നാലു സീറ്റും വിട്ടുനല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി.

തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയാല്‍ മാത്രം തൃശൂര്‍ വിട്ടു നല്‍കിയാല്‍ മതിയെന്നാണ് ബി.ജെ.പി തീരുമാനം. ആലപ്പുഴക്കൊപ്പം മറ്റൊരു സീറ്റ് എന്നാണ് ബി.ജെ.പി ബി.ഡി.ജെ.എസിനു മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ആലപ്പുഴ വേണ്ടെന്നാണ് ബി.ഡി.ജെ.എസിന്റെ ഇപ്പോഴത്തെ നിലപാട്. ബി.ഡി.ജെ.എസ് ചോദിച്ചിരിക്കുന്ന സീറ്റുകളെല്ലാം ബി.ജെ.പി സംസ്ഥാന നേതാക്കള്‍ മത്സരിക്കാന്‍ കണ്ണുവച്ചിരിക്കുന്ന സീറ്റാണ്.

ഇതില്‍ പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങള്‍ എപ്ലസ് വിഭാഗത്തില്‍ പെടുത്തിയിട്ടുള്ളതും. പ്രധാന സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കിയാല്‍ ബി.ജെ.പിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷമാവാനാണ് സാധ്യത. പ്രശ്‌നം രമ്യമായി പരിഹരിക്കാനായി ബി.ഡി.ജെ.എസുമായി വീണ്ടും ചര്‍ച്ച നടത്തും.