Kerala

അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നം; എം.വി ​ഗോവിന്ദൻ

കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.
ബിജെപി മാനസിക നിലയുള്ള സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസ്. ഓരോ വിഷയത്തിലെയും പ്രതികരണത്തിൽ ദാർശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബിബിസി ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായമാണെന്നും എന്നാൽ കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ലെന്നും ശശി തരൂർ എം.പി പ്രതികരിച്ചു. 20 വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. സുപ്രിം കോടതി തന്നെ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിച്ചിട്ടുള്ളതിനാൽ ഇതിനി വിവാദമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ബിബിസി ഡോക്യുമെന്ററി പരമാധികാരത്തെ ബാധിക്കുന്നതാണെന്ന അനിൽ ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്നും ശശി തരൂർ എം.പി വ്യക്തമാക്കി.

അത്ര ദുർബലമാണോ നമ്മുടെ പരമാധികാരം?. ജനാധിപത്യത്തിൻറെ ഭാഗമാണ് ആവിഷ്കാര സ്വാതന്ത്ര്യം. അതിനെ വേറെ രീതിയിൽ കാണാനാണ് ചിലർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ഡോക്യുമെന്ററി കാണിക്കാൻ പാടില്ല എന്ന നിലപാടിനോട് യോജിപ്പില്ല. ജനങ്ങൾക്ക് അവരുടെ ഇഷ്ടം അനുസരിച്ച് കാണാനും വായിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കേന്ദ്രത്തിന്റെ വിലക്ക് അനാവശ്യമാണെന്നും വിലക്കിയിരുന്നില്ലെങ്കിൽ ആ ഡോക്യുമെന്ററി എത്ര പേർ കാണുമായിരുന്നുവെന്നും ശശി തരൂർ ചോദിച്ചു.

ബി.ബി.സി ഡ‍ോക്യുമെന്ററിയെ വിമർശിച്ച അനിൽ ആൻ്റണിയുടെ രാജി രാഷ്ട്രീയമായ അനിവാര്യതയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു. അനിൽ ആൻ്റണിയുടെ പ്രവർത്തനം എങ്ങിനെയുണ്ടായിരുന്നു എന്ന് അദ്ദേഹത്തെ നിയമിച്ചവരാണ് പറയേണ്ടത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെപ്പറ്റി പറയാൻ താനാളല്ല. അനിലിനെ നിയമിച്ചവർ അക്കാര്യം പരിശോധിക്കണം. സ്റ്റേറ്റ് എന്നു പറഞ്ഞാൽ മോദി അല്ലെന്നും മോദിക്ക് എതിരെയുള്ള വിമർശനം സ്റ്റേറ്റിനു എതിരെയുള്ള വിമർശനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ബി.സി ഡ‍ോക്യുമെന്ററിയെ വിമർശിച്ച അനിൽ ആന്റണി കോൺഗ്രസ് പദവികളിൽ നിന്നും രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. താനൊരു കല്യാണം കൂടാൻ വന്നതാണ്. ഇപ്പോൾ ഇതിനെപ്പറ്റി സംസാരിക്കുന്നത് ഔചിത്യമല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇല്ലെന്നും എ കെ ആന്റണി പറഞ്ഞു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രാജി വിവരം അറിയിച്ചത്.

രാജി വ്യക്തിപരമാണെന്നാണ് അനിൽ ആന്റണി ട്വന്റി ഫോറിനോട് പ്രതികരിച്ചത്. കോൺ​ഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുതയാണ്. പാർട്ടി അധപതിച്ചിരിക്കുകയാണ്. കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു ട്വീറ്റ് കാണുമ്പോൾ പോലും കോൺഗ്രസ് നേതാക്കൾക്ക് അസഹിഷ്ണുതയാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ്. ശശി തരൂരിനെയും മുല്ലപ്പള്ളിയെയും പോലുള്ള സമുന്നതരായ നേതാക്കൾ ആവശ്യപ്പെത് കൊണ്ടാണ് പാർട്ടിയിൽ ഇതുവരെ തുടർന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റിട്ടിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നായിരുന്നു അനിൽ കെ. ആന്റണി ട്വീറ്റ്.

ചിന്തയ്ക്ക് പണം അനുവദിച്ച ഉത്തരവിനെപ്പറ്റിയും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. ചിന്തയ്ക്ക് ശമ്പള കുടിശ്ശികയാണ് അനുവദിച്ചതെന്നും അത്
സർക്കാർ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായം പറയാനും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.