സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ രംഗത്ത്. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും. ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍ കോടതിയില്‍ കക്ഷി ചേരുന്നതിനെ കുറിച്ച് ആലോചിക്കും. കോടതി നിര്‍ദ്ദേശം നടപ്പായാല്‍ വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയെയാണ് അത് കൂടുതലായി ബാധിക്കുക.
ബത്തേരി നഗരം കടുത്ത ആശങ്കയിലാണ്. സംരക്ഷിത വനാതിര്‍ത്തിക്ക് തൊട്ടടുത്ത് കൂടിയാണ് നഗരം നിലകൊള്ളുന്നത്. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോ മുതല്‍ ബീനാച്ചി വരെയുള്ള പ്രദേശം അതിര് പങ്കിടുന്നത് വനവുമായിട്ടാണ്. വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണില്‍ ഉള്‍പ്പെടുമ്പോള്‍ ബത്തേരി നഗരം തന്നെ ഇല്ലാതാകുമെന്ന് അധികൃതര്‍ പറയുന്നു.
നിര്‍മാണം തുടങ്ങാനിരിക്കുന്ന വിവിധ സംരംഭങ്ങളെ സുപ്രിംകോടതി ഉത്തരവ് ആശങ്കയിലാക്കിയിട്ടുണ്ട്. ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് നഗരസഭ അധ്യക്ഷന്‍ ടികെ രമേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് മൂന്നിന് ചേരുന്ന സര്‍വ്വകക്ഷി യോഗം ജനകീയ സമരമാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.