ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ യാക്കോബായ സഭയുടെ ഭരണ ചുമതല ഒഴിയും. ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍ നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. അതേസമയം ആത്മീയകാര്യങ്ങളുടെ നേതൃപദവിയില്‍ തോമസ് പ്രഥമന്‍ ബാവ തുടരും.
മെത്രാപൊലിത്ത ട്രസ്റ്റി പദവി ഒഴിയാനുള്ള യാക്കോബായ സഭാ അധ്യക്ഷന്‍ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ തീരുമാനത്തിന് സഭാ പരമാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയാണ് അംഗീകാരം നല്‍കിയത്. അതേസമയം ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശ്രേഷ്ഠ ബാവ പദവിയില്‍ തുടരാന്‍ ബസേലിയോസ് തോമസ് പ്രഥമനോട് പരമാധ്യക്ഷന്‍ ആവശ്യപ്പെട്ടു.
അടുത്ത സിനഡ് പുതിയ ട്രസ്റ്റിയെ തെരഞ്ഞെടുക്കും. അതുവരെ സഭാഭരണം തുടരുന്നതിന് മൂന്ന് മുതിര്‍ന്ന മെത്രാപൊലിത്തമാര്‍ ഉള്‍പ്പെടുന്ന സമിതിയെ പാത്രിയാര്‍ക്കീസ് ബാവ നിയോഗിച്ചു. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതിയംഗങ്ങള്‍. യാക്കോബായ സഭാ ഭരണസമിതിയില്‍ നിന്ന് വേണ്ടത്ര പിന്തുണയില്ലെന്നും മെത്രാപൊലിത്ത ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക പദവിയില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ബാവയുടെ ആവശ്യം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച് കഴിഞ്ഞ ദിവസം മാനേജിങ് കമ്മറ്റി അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. സഭ അധ്യക്ഷനായ കാതോലിക ബാവയുടെ തീരുമാനങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലിലുണ്ടാകുന്നു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. വൈദിക ട്രസ്റ്റിയും അല്‍മായ ട്രസ്റ്റിയുമടക്കമുള്ളവരാണ് ഇത്തരം ഇടപെടലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
സഭയുടെ വിദ്യാഭ്യാസ ട്രസ്റ്റിന് കീഴില്‍ ഗുണ്ടകളുടെയടക്കം സഹായത്തോടെ അനധികൃത ഭരണം തുടരുകയാണെന്നും ഇവര്‍ യോഗം ചേരുന്നതും മുന്നോട്ടു പോകുന്നതും കാതോലിക്ക ബാവയുടെ അറിവോടും ആശിര്‍വാദത്തോടെയുമാണെന്ന ആരോപണമടക്കം ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു സഭ അധ്യക്ഷന്റെ രാജിപ്രഖ്യാപനം.