Kerala

സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു

സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു.
ബാറുകളിലും ഷാപ്പുകളിലും ഇന്നു മുതൽ ഇരുന്ന് മദ്യപിക്കാം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ബാറുകളുടെ പ്രവർത്തനം.

ഒമ്പതു മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്തെ ബാറുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. കൊവിഡിനെ തുടർന്നു പൂട്ടിയ ശേഷം വീണ്ടും തുറന്നെങ്കിലും പാഴ്‌സൽ വിൽപന മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പല മേഖലകൾക്കും ഇളവ് സാഹചര്യത്തിൽ ബാറുകളിൽ ഇരുന്നു മദ്യപിക്കാൻ അനുമതി നൽകണമെന്ന് ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു. ക്ലബുകൾ, ബിയർ വൈൻ പാർലറുകൾ, എയർപോർട്ട് ലോഞ്ച് ബാർ, കള്ളുഷാപ്പുകൾ എന്നിവയും തുറക്കാൻ അനുമതിയുണ്ട്. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ മാത്രമായിരിക്കും ഇനിമുതൽ പാഴ്‌സൽ വിൽപന. ബിവറേജസ് ഔട്ട്ലെറ്റുകൾ രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കും. തെരഞ്ഞെടുപ്പും ക്രിസ്മസ് ആഘോഷങ്ങളും കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മദ്യശാലകളുടെ പ്രവർത്തനം.
കൗണ്ടറുകളിൽ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ മാത്രം തുടങ്ങിയവയാണ് നിബന്ധനകൾ.