കാട്ടുപന്നികളുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടത്തിന് ചുറ്റും കമ്പിവേലി കെട്ടിയപ്പോൾ പാലോളി അഖിൽ അറിഞ്ഞിരുന്നില്ല മനുഷ്യർക്കാണ് പന്നികളേക്കാൾ ക്രൂരതയെന്ന്. കോഴിക്കോട്-വെള്ളനൂരിലെ വിരിപ്പിൽ പാടത്തെ കമ്പിവേലികളാണ് സാമൂഹിക വിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ അഖിൽ പൊലീസിൽ പരാതി നൽകി.
പാലോളി അഖിലിനും ഭാര്യ അമൃതക്കുമാണ് ദുരനുഭവം. വിരിപ്പിൽ പാടത്തെ സ്വന്തമായുള്ള 35 സെൻറ് വയലിനു ചുറ്റും ഒരാഴ്ച മുമ്പാണ് കമ്പിവേലി കെട്ടിയത്. വയലിലെ കപ്പയും പച്ചക്കറികളും കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിക്കുന്നത് പതിവ് സംഭവമായതോടെ ശല്യം ചെറുക്കാനാണ് വലിയ ചെലവ് വരുന്ന കമ്പിവേലി കെട്ടിയത്.
വേലി കെട്ടിയതോടെ പന്നി ശല്യം കുറഞ്ഞത് ആശ്വാസമായിരുന്നു. ഇതിനിടയിലാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് കമ്പിവേലിയുടെ ഒരു ഭാഗം തകർത്ത നിലയിൽ കണ്ടത്. ശേഷിച്ച കമ്പിവേലികളും കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധർ തകർത്തു. വൻ നഷ്ടമാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്.
ഫയർഫോഴ്സ് ജീവനക്കാരനായ അഖിൽ ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളാണ് ഭാര്യക്കൊപ്പം കൃഷിക്കായി വിനിയോഗിക്കുന്നത്. കമ്പിവേലികൾ പൂർണമായി തകർക്കപ്പെട്ടതോടെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.