India Kerala

ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

രാജ്യത്തെ ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കണമെന്നും ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ലയനം ഗ്രാമീണ – കാര്‍ഷിക ബാങ്കിങ് മേഖലയെ കാര്യമായി ബാധിക്കുമെന്നും അവര്‍ പറയുന്നു.

രാജ്യത്ത് വീണ്ടും ബാങ്ക് ലയനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. സാമ്പത്തിക മേഖലയിലെ വികസനത്തെ മുരടിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പ്രതികരിച്ചത്. കാര്‍ഷിക മേഖലയേയും ചെറിയ ബാങ്കുകളെയും ഇല്ലാതാക്കുന്ന നീക്കത്തെ ചെറുക്കണമെന്നും അദേഹം പറഞ്ഞു.

എസ്.ബി.ടി – എസ്.ബി.ഐ ലയനത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. സാമ്പത്തിക ഭദ്രതയെ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലയനത്തിലൂടെ വലിയ ബാങ്കുകളെ മാത്രം നിലനിറുത്തുക മാത്രമാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാരെ ബാങ്കുകളില്‍ നിന്ന് അകറ്റുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചു.