Kerala

സഹകരണ ബാങ്കിലെ തട്ടിപ്പ് തടയാൻ നിയമഭേദഗതിക്ക് സർക്കാർ

സഹകരണ ബാങ്കിലെ തട്ടിപ്പ് തടയാൻ നിയമഭേദഗതിക്ക് ഒരുങ്ങി സർക്കാർ. ഗുരുതര ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ കേസെടുക്കാനും കുറ്റക്കാരുടെ ആസ്തി മരവിപ്പിക്കാനുമാണ് തീരുമാനം. ഇതിനാവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയ കരട് നിയമം രണ്ടുമാസത്തിനകം തയ്യാറാക്കും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സഹകരണ ബാങ്കുകളിലെ അഴിമതിയും ക്രമക്കേടും തടയുന്നതിനാണ് ശക്തമായ നടപടികൾ സ്വീകരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിലവിലുള്ള ഓഡിറ്റ് സംവിധാനം പൂർണമായും സ്വതന്ത്ര സംവിധാനമായി ശക്തിപ്പെടുത്തും. ഇന്ത്യൻ ഓഡിറ്റ് ആൻഡ് സർവീസിൽ നിന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഓഡിറ്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിക്കും. സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്പാതട്ടിപ്പ്, സ്വർണപ്പണയതട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉണ്ടായാൽ പ്രാഥമിക സ്ഥിരീകരണത്തിന് ശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ റിപ്പോർട്ട് ചെയ്യുന്നതിന് സഹകരണസംഘം നിയമത്തിലെ 65.66 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. സഹകരണ വിജിലൻസ് സംവിധാനവും ശക്തിപ്പെടുത്തും. ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയാൽ കർശനനടപടിയുണ്ടാകും. 250 കോടിക്കുമേൽ പ്രവർത്തന മൂലധനമുള്ള സംഘങ്ങളെ ഗ്രൂപ്പ് ആക്കി മൂന്ന് ഓഡിറ്റർമാരടങ്ങുന്ന ടീം കണക്ക് പരിശോധിക്കും. സംഘങ്ങളിലെ ജീവനക്കാരുടെ ജോലി, ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം എന്നിവയ്ക്ക് മാനദണ്ഡം രൂപീകരിക്കും. കരുവന്നൂർ ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാനും തീരുമാനമായി.