ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ യാത്ര നിരോധനത്തെ സംബന്ധിച്ച സംസ്ഥാനത്തെ ആശങ്ക കേന്ദ്രമന്ത്രിമാരെ അറിയിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതുകൊണ്ടു തന്നെ വളരെ പരിമിതമായി മാത്രമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചുവെന്നും, എന്നാല്‍ ഒരു വിദഗ്‌ദ്ധ സമിതിയെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും പിണറായി വിജയന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്‌കരി, പ്രകാശ് ജാവദേക്കര്‍ എന്നിവരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമിതി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സുപ്രീം കോടതിയെ വിശദമായി ധരിപ്പിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. സമിതിയ്‌ക്ക് മുന്നില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വന്നകാലതാമസത്തില്‍ ശക്തമായ നിലപാടാണ് നിതിന്‍ ഗഡ്‌കരി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.