Kerala

ബാലഗോകുലം വിവാദം: ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ

ബാലഗോകുലം വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ. ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പരുപാടി ഉദ്ഘാടനം ചെയ്തു. പി.ആർ.ഡിയും മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗവും സംയുക്തമായാണ് ചടങ്ങ് നടത്തിയത്.

മറ്റൊരു അടിയന്തര മീറ്റിംഗ് ഉള്ളതുകൊണ്ടാണ് ബീന ഫിലിപ്പ് പങ്കെടുക്കാത്തതെന്ന് തോട്ടത്തിൽ രവീന്ദ്രൻ വിശദീകരിച്ചു. അസൗകര്യം തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു എന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു, പാർട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കാമായിരുന്നു എന്നും തോട്ടത്തിൽ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

മേയർക്ക് പരിചയക്കുറവുണ്ട്. മറ്റൊരു പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഇപ്പോഴും ശ്രദ്ധിക്കണം. ബീന ഫിലിപ്പിനെ മേയർ ആക്കിയത് പാർട്ടിയാണ്. നടപടി പാർട്ടിയാണ് തീരുമാനിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്ത മേയറുടെ നടപടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അതൃപ്തിയറിയിച്ചിട്ടുണ്ട്.