Kerala

സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കില്ല; എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്ത് ഒഴിവായിത്തരാമെന്ന് ചുള്ളിക്കാട്

സിനിമ സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ


പൊതുജനാഭിപ്രായം മാനിച്ച്. മേലാല്‍ സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ, പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ലെന്ന് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്‍റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്‍മാരോടും പ്രസാധകരോടും ആവശ്യപ്പെടണമെന്നും ചുള്ളിക്കാട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തനിക്ക് 63 വയസായെന്നും എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാമെന്നും കുറിപ്പില്‍ പറയുന്നു.


സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കില്ല; എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്ത് ഒഴിവായിത്തരാമെന്ന് ചുള്ളിക്കാട്

രണ്ടു വര്‍ഷം മുന്‍പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരു സംവാദത്തിനിടെ ചോദ്യകര്‍ത്താവിന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊടുത്ത മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,’ എന്നായിരുന്നു ചോദ്യോത്തര വേളയില്‍ സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത്. ‘സൗകര്യമില്ല,’ എന്നാണ് ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് മറുപടി നല്‍കിയത്. ”ഞാന്‍ പറഞ്ഞല്ലോ. എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ആരെങ്കിലും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാറില്ല. ഞാന്‍ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ ജീവിതം ജീവിക്കാന്‍ എനിക്ക് സൗകര്യമില്ല. അരനൂറ്റാണ്ടിനിടെ ആകെ 140 ല്‍ താഴെ കവിതകള്‍ മാത്രമെ എഴുതിയിട്ടുള്ളൂ. വല്ലപ്പോഴും എഴുതാന്‍ തോന്നുമ്ബോള്‍ എഴുതുന്നു. അല്ലാതെ, ഞാന്‍ മലയാളത്തിലേയോ മറ്റ് ഭാഷകളിലേയോ കവിതാ മത്സരത്തില്‍ പങ്കെടുക്കുന്ന ആളല്ല. ” ചുള്ളിക്കാടിന്‍റെ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളുമുണ്ടായി. എന്നാല്‍ ‘എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്’ എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

പൊതുജനാഭിപ്രായം മാനിച്ച്. മേലാല്‍ സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ, പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്‍റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്‍മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ. സിനിമ സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല.(പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ)

ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്ന് കഴിഞ്ഞു. എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,ബാലചന്ദ്രന്‍ ചുള്ളിക്കാട്