അപകടസമയം കാർ ഓടിച്ചത് ആരാണെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു വെളിപ്പെടുത്തി ഡോക്ടർ. ബാലഭാസ്‌കറിനെ ആദ്യം ചികിത്സിച്ച ഡോക്ടർ ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്നും അന്ന് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ വ്യക്തമാക്കി.
പരുക്കേറ്റ ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. അപകട സമയം കാറിൽ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് ബാലഭാസ്‌കർ ഡോക്ടറോട് പറഞ്ഞത്. കൈക്ക് മരവിപ്പ് അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ ബാലഭാസ്‌കർ, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. ഇതിന് പിന്നാലെ ബന്ധുക്കൾ എത്തി ബാലഭാസ്‌കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.
അപകട സമയത്ത് ആര് വാഹനമോടിച്ചുവെന്നത് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന സംശയമാണ്. ഡ്രൈവർ അർജുൻ വാഹനമോടിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് ശരിവയ്ക്കുന്നതാണ് ഡോക്ടർ ഫൈസലിന്റെ വെളിപ്പെടുത്തൽ.