India Kerala

ബാലഭാസ്കറിന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് കൈമാറിയേക്കും

സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിട്ടേക്കും. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സി.ബി.ഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് ഡി.ജി.പി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ഡി.ജി.പിയും ശരിവെച്ചു.

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാഹനം വഴിയരികിലെ മരത്തിലിടിച്ച് കയറിയാണ് ബാലഭാസ്കറും മകളും മരിച്ചത്. അപകട സമയത്ത് മണിക്കൂറില്‍ 110 കിലോമീറ്ററോളം വേഗത്തിലായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍. ആസൂത്രിത അപകടത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചതായും ക്രൈംബ്രാഞ്ച് പറയുന്നു. കുടുംബം ഉന്നയിച്ച ദുരൂഹതകളെല്ലാം തള്ളിക്കൊണ്ട് അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ ഈ നിലപാട് അംഗീകരിക്കുന്നില്ലെന്നും സി.ബി.ഐക്ക് വിടണമെന്നും ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന്റെ യോഗം ഡി.ജി.പി വിളിച്ചത്. പിതാവിന്റെ പരാതിയില്‍ ഉന്നയിച്ച മുപ്പത് സംശയങ്ങളില്‍ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം അന്വേഷിച്ചെന്നും ദുരൂഹതകളില്ലെന്നും യോഗം വിലയിരുത്തി.

സാമ്പത്തിക ഇടപാട് സംബന്ധിച്ച സംശയങ്ങള്‍ കൂടി അന്വേഷിക്കാനും ഡി.ജി.പി നിര്‍ദേശിച്ചു. അത് അന്വേഷിച്ചാല്‍ പോലും മരണത്തില്‍ ദുരൂഹതയില്ലെന്ന കണ്ടെത്തല്‍ മാറില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. എങ്കിലും കുടുംബം ആവശ്യപ്പെടുന്ന സ്ഥിതിക്ക് സി.ബി.ഐയ്ക്ക് കൈമാറുന്നതില്‍ എതിര്‍ക്കേണ്ടെന്നും അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനുമാണ് യോഗം തീരുമാനിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കോടതിയെ അറിയിച്ചേക്കും.