Kerala

ബാലഭാസ്കറിന്‍റെ മരണം: അന്വേഷണം സി.ബി.ഐക്ക്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബാലഭാസ്കറിന്‍റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.

വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. എന്നാല്‍ അപകടം ആസൂത്രിതമാണെന്നായിരുന്നു പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പരാതി. സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.

ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജങ്ഷന് സമീപം 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവര്‍ക്ക് ഒപ്പം തൃശൂരില്‍ ക്ഷേത്രത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനുമാണ് മരിച്ചത്. അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന മൊഴികളിലെ വൈരുധ്യം ദുരൂഹതക്കിടയാക്കി.

ഡ്രൈവര്‍ അര്‍ജുനാണ് വാഹനമോടിച്ചത് എന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നായിരുന്നു അര്‍ജുന്‍റെ മൊഴി. ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ പിടിയിലായതോടെ കേസിന്‍റെ സ്വഭാവം മാറി. അതിനിടെ അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ ക്രൈംബ്രാഞ്ച് തെളിയിച്ചു. എന്നാല്‍ ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ലെന്നും കാറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.