സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നിട്ട് ഇന്ന് ഒരു വർഷം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. എന്നാൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന നിലപാടിലാണ് ബന്ധുക്കൾ.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരുക്കേറ്റു. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ആര് എന്നതിലെ അവ്യക്തത ആദ്യ ഘട്ടത്തിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദറും ബാലഭാസ്ക്കറിന്റെ ട്രൂപ്പിലെ അംഗങ്ങളായിരുന്നെന്ന കണ്ടെത്തലോടെ കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു.
അമിത വേഗതയാണ് അപകട കാരണമെന്നും മറ്റ് അസ്വാഭാവികതയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് നിഗമനം. അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കേസ് സി.ബി.ഐക്ക് വിടണമെന്ന ബാലഭാസ്കറിന്റെ അച്ഛൻ കെ.സി ഉണ്ണിയുടെ കത്ത് സർക്കാരിന്റെ പരിഗണനയിലാണ്. കേസ് സി.ബി.ഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചതായാണ് വിവരം.