പത്തനംതിട്ടയിൽ ബേക്കറി നടത്തിപ്പുകാരന് ഉറവിടമറിയാത്ത സ്ഥലത്ത് നിന്ന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. യു.ഡി.എഫ് നേതാവായ ഇയാളുടെ സമ്പർക്ക പട്ടിക വിപുലമാണ്. പത്തനംതിട്ട നഗരസഭ പ്രദേശത്ത് ജാഗ്രത കർശനമാക്കി. അതിനിടെ റാന്നിയിൽ നിരീക്ഷണത്തിലിരുന്നപ്പോൾ മരിച്ച വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവാണ്.
കുലശേഖരപതി സ്വദേശിയായ 22കാരനാണ് ഉറവിടമറിയാത്ത സ്ഥലത്ത് നിന്ന് രോഗം ബാധിച്ചത്. എം.എസ്.എഫ് നേതാവായ ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ കുട്ടികളെ ആദരിക്കുന്ന ചടങ്ങിലും സമരങ്ങളിലും പങ്കെടുത്തു. മാധ്യമ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ പ്രദേശം പൂർണ്ണമായും അടച്ചിടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതിനിടെ സർവ്വലൻസ് ടെസ്റ്റിലൂടെ തേനി സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചു. ഇയാൾ തിരികെ തേനിയിലേക്ക് മടങ്ങി പോയി. ഇയാളുടെ രോഗവിവരം സംസ്ഥാന സർക്കാർ തമിഴ് നാട് സർക്കാരിനെ അറിയിക്കും.
ഇതിനിടെ ട്രക്ക് ഡ്രൈവർ സാധനങ്ങളുമായി എത്തിയ രാമനാഥപുരം മാർക്കറ്റ്, മണിപ്പുഴയിലെ വഴിയോര കച്ചവട കേന്ദ്രം എന്നിവ അടച്ചു. 12 തൊഴിലാളികളെ നിരീക്ഷണത്തിലാക്കി. അതിനിടെ തേക്കും തോട് സ്വദേശിനിയായ ഗർഭിണി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.