യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ ചന്ദ്രന്‍ വധശ്രമക്കേസിലെ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിലയിരുത്തി. അതേസമയം യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി.
അഖില്‍ വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും രണ്ടുപ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും ആയിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. ഇതിന് പുറമെ മറ്റ് പ്രതികളായ ആദില്‍, അദ്വൈത് എന്നിവരുടെ പരീക്ഷ ഹാള്‍ടിക്കറ്റ് വേണമെന്ന ആവശ്യവും കോടതി തള്ളി. പ്രിന്‍സിപ്പാളിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങിവരുവാനും കോടതി നിര്‍ദേശിച്ചു. അതേസമയം ഉത്തരപേപ്പര്‍ വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പ്രിലിമിനറി എന്‍ക്വയറിക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ക്രൈംബ്രാഞ്ച് തിരുവനന്തപുരത്തെ രണ്ട് യൂണിറ്റ് വിഷയത്തില്‍ അന്വേഷണം നടത്തുകയാണ്. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് കാമ്പസ് ഫ്രണ്ട് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ച്ചയായി ഇത് മൂന്നാംദിവസമാണ് വിഷയത്തില്‍ വിവിധ സംഘടനകള്‍ നടത്തുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുന്നത്.