സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ. സ്കോൾ കേരളയിൽ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ആരുമില്ല. പട്ടിക ജാതി വിഭാഗത്തില്‍ അഞ്ച് പേർക്ക് നിയമനം ലഭിക്കേണ്ടതിന് പകരം രണ്ട് പേരെയാണ് നിയമിച്ചത്. സർക്കാർ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന നിയമം അട്ടിമറിച്ചാണ് പിന്‍വാതില്‍ നിയമനം.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവരുടെ നിയമനങ്ങള്‍ വിവാദമായിരുന്നു. ഷീജ ഉൾപ്പെടെ ഒരാൾക്കും തുടർച്ചയായി 10 വർഷം സർവീസില്ല. കൂടുതൽ സീനിയോരിറ്റി ഉള്ളവരെ മറികടന്നാണ് സി.പി.എം ബന്ധം ഉള്ളവരെ മാത്രമായി നിയമിക്കുന്നതെന്നായിരുന്നു ആരോപണം.
സ്കോള്‍ കേരള നിയമനം വിവാദമായപ്പോള്‍ 10 വർഷം തുടർച്ചയായി ജോലി ചെയ്തവരെ മാത്രമാണ് നിയമിക്കുന്നത് എന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നല്‍കിയ വിശദീകരണം. സഹോദരി ഷീജയെ സ്ഥിരപ്പെടുത്താൻ പോകുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എ.എ റഹീം രംഗത്തുവന്നത്. എന്നാൽ റഹീമിന്‍റെ സഹോദരി ഉൾപ്പെടെ ഒരാൾക്ക് പോലും സ്കോൾ കേരളയിൽ തുടർച്ചയായി 10 വർഷം സർവ്വീസില്ല. 2013 ൽ യു.ഡി.എഫ് സർക്കാർ ഇവരെ പിരിച്ചുവിട്ടിരുന്നു. 2014ലാണ് ഇവർ വീണ്ടും ജോലിക്ക് കയറിയത്