ഇടുക്കി മൂന്നാര്‍ രാജമലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. റോഡിൽ വീണ കുഞ്ഞിനെ വനപാലകർ രക്ഷപ്പെടുത്തി മാതാപിതാക്കൾക്ക് കൈമാറി.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ജീപ്പിൽ യാത്രചെയ്യുകയായിരുന്നു കുടുംബം. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാണ് അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡിൽ വീണുപോയത്. പഴനിയിൽ പോയി മടങ്ങി വരുകയായിരുന്നു ഇവർ. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡിൽ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ല. ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു.
സി.സി.ടി.വിയിൽ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടത്. കമ്പിളിക്കണ്ടത്തെ വീടിനടുത്ത് എത്താറായപ്പോഴാണ് കുഞ്ഞ് വാഹനത്തിൽ ഇല്ലെന്ന വിവരം അച്ഛനും അമ്മയും അറിയുന്നത്. ഈ സമയം വെള്ളത്തൂവൽ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
വാച്ചര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തി. കുഞ്ഞിന്‍റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ടായിരുന്നു. വനപാലകര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പൊലീസാണ് മൂന്നാറിലെ ആശുപത്രിയിൽ കുഞ്ഞുണ്ടെന്ന വിവരം കുടുംബത്തെ അറിയിച്ചത്. അച്ഛനും അമ്മയും ആശുപത്രിയിലെത്തി കുഞ്ഞിനെ തിരിച്ചറിഞ്ഞു. വന്യമൃഗങ്ങളുള്ള പ്രദേശത്തുനിന്ന് കുഞ്ഞിനെ പരിക്കുകളില്ലാതെ രക്ഷിക്കാനായതിന്‍റെ ആശ്വസത്തിലാണ് എല്ലാവരും.