India Kerala

അമൃത ആശുപത്രിയിലെത്തിലെത്തിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി

ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തും നിന്നും കൊച്ചി അമൃതാ ആശുപത്രിയിലെത്തിലെത്തിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ദിവസങ്ങള്‍ക്കകം കുട്ടിക്ക് ആശുപത്രി വിടാനാകുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ചികിത്സയില്‍ തുടരുന്ന കുഞ്ഞിനെക്കാണാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരോടൊപ്പമാണ് മന്ത്രിയെത്തിയത്. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടന്നും 10 ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ തുടര്‍ ചികിത്സകളുടെ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞ് ശസ്ത്രക്രിയക്കുശേഷം വേഗത്തിലാണ് സുഖം പ്രാപിക്കുന്നതെന്നും 24 മണിക്കൂറിനുള്ളില്‍ കുട്ടിക്ക് അമ്മയുടെ മുലപ്പാല്‍ നല്‍കാനാകുമെന്നും ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ ഈ മാസം 17 നാണ് ഗുരുതരമായ ഹൃദ് രോഗത്തെ തുടര്‍ന്ന് അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് മാര്‍ഗം തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിലെത്തിക്കാനിരുന്ന കുട്ടിക്ക് സര്‍ക്കാരിടപ്പെട്ടാണ് കൊച്ചിയില്‍ ചികിത്സ ലഭ്യമാക്കിയത്.