Kerala

തൃക്കാക്കരയില്‍ ക്രൂരമര്‍ദനത്തിനിരയായ കുഞ്ഞ് വെന്റിലേറ്ററില്‍ തുടരുന്നു

തൃക്കാക്കരയില്‍ ക്രൂരമര്‍ദനത്തിനിരയായ രണ്ടരവയസുകാരി കോലഞ്ചേരി മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ തുടരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. കുഞ്ഞിന്റെ തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം ഉണ്ടാകാതിരിക്കാനും ഉള്ള മരുന്നുകള്‍ ആണ് ഇപ്പോള്‍ നല്‍കുന്നത്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്റെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം തനിക്ക് നല്‍കണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയുടെ സഹോദരി , സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കുട്ടിയെ ആന്റണി ടിജിന്‍ മര്‍ദിച്ചിരിക്കാമെന്ന് പിതാവ് മൊഴി നല്‍കിയിരുന്നു. ആന്റണി ടിജിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ആന്റണിക്കെതിരേ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏഴു മാസം മുന്‍പ് വരെ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നുവെന്നും കുട്ടിയുടെ പിതാവ് മൊഴി നല്‍കി.

മാനസിക വിഭ്രാന്തി ഉള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി പറഞ്ഞിരുന്നു. കുട്ടിയുടെ യഥാര്‍ത്ഥ അച്ഛന്‍ ആശുപത്രിയിലെത്തി. കുട്ടിയുടെ സംരക്ഷണം അച്ഛന്‍ ആവശ്യപ്പെട്ടതായി ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്.അരുണ്‍കുമാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരീ പങ്കാളിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ. കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അരുണ്‍ കുമാര്‍ അറിയിച്ചു.

അതേസമയം, കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങള്‍ കണ്ടുവെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ ആന്റണി ടിജിന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറില്‍ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഇവര്‍ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി പതിനൊന്നോടെ അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല് മിഷനിലേക്ക് മാറ്റി.

കൃത്യം ഒരു മാസം മുന്‍പാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം വീട് വാടയ്‌ക്കെടുക്കുന്നത്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ താന്‍ കാനഡയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതാണെന്നും ഭാര്യയും മൂന്ന് വയസുകാരന്‍ മകന്‍, ഭാര്യാസഹോദരി, അമ്മ എന്നിവരും ഒപ്പമുണ്ടെന്നാണ് ഒപ്പമുണ്ടെന്നാണ് ഫഌറ്റ് ഉടമയോട് പറഞ്ഞത്.