പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നവംബർ രണ്ടിന് കോടതി വിധി പറയും. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നാണ് സർക്കാർ വാദം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അമ്മ നാട് നീളെ കുഞ്ഞിനെ തേടി അലഞ്ഞത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ അനുപമയുടെ പരാതി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. കുഞ്ഞിനെ കൊലപ്പെടുത്താനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ഏൽപ്പിക്കുകയാണ് ചെയ്തത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം എവിടെയും സമർപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. കേസിന്റെ വാർത്താ പ്രാധാന്യം കോടതി പരിഗണിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ഇതിനിടെ ദത്തെടുക്കല്‍ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു . സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുന്നതിനിടെയാണ് ദത്ത് വിഷയവും എം എൽ എ റോജി എം ജോണ്‍ പരാമര്‍ശിച്ചത്. ഒരമ്മയ്ക്ക് കുഞ്ഞിനെ തേടി അലയേണ്ട അവസ്ഥ പോലും കേരളത്തിലുണ്ടായി. അമ്മയെ അപഹസിക്കാന്‍ മാത്രമാണ് ശ്രമം നടന്നത്. പാർട്ടി പറഞ്ഞപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടതെന്നും റോജി എം ജോണ്‍ വിമർശിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും അനുപമ വിഷയത്തില്‍ മൗനം പാലിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.