ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ വനത്തിൽ കയറിയതിനാണ് കേസെടുക്കുകയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മലയിലേക്ക് ആളുകൾ കയറാതിരിക്കാൻ വാച്ചർമാരെ ഏർപ്പെടുത്തും. അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാൽ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കും ബാബുവിനെ വാർഡിലേക്ക് മാറ്റുക.