ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഐപിസി 153എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പ്രകോപനപരമായി പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്.
ബാബരി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി പൊനിയിൽ തൊട്ടിപ്പറമ്പിൽ താജുദ്ദീൻ, പാണ്ടിക്കാട് സ്വദേശി ജഷീർ മെഹവിഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്ന കേസിൽ ഐപിസി 153എ വകുപ്പ് പ്രകാരം മൂന്ന് പേർക്കെതിരെയും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൂന്ന് പേരും വിദേശത്തു ജോലി ചെയ്യുന്നവരാണ്.
ബാബരി കേസില്‍ വിധി വന്നതിന് പിന്നാലെ പൊലീസ് ശക്തമായ രീതിയിൽ സോഷ്യല്‍ മീഡിയ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വിധി സംബന്ധിച്ച് വസ്തു നിഷ്ടമല്ലാത്ത വാർത്തകൾ നൽകരുതെന്ന് മാധ്യമങ്ങൾക്കും, പ്രകോപനപരമായ പോസ്റ്റുകൾ പാടില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും പോലീസിന്‍റെ കർശന നിർദേശമുണ്ടായിരിന്നു. മഞ്ചേരി പെരിന്തൽമണ്ണ കോടതികളിൽ വിശദാംശങ്ങൾ സമർപ്പിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.