കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബിടെക് പരീക്ഷ റദ്ദാക്കി. മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയത്. വാട്സ് ആപ്പ് വഴി ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തി. പരീക്ഷ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലറുടേതാണ് നടപടി.
കോപ്പിയടി നടന്നത് ഇങ്ങനെ- മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളില്‍ കയറി വിദഗ്ധമായി ചോദ്യപേപ്പറിന്‍റെ ഫോട്ടോ എടുക്കുന്നു. ഇത് നേരത്തെ ക്രിയേറ്റ് ചെയ്ത വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുന്നു. പുറത്തുള്ള ആരോ ഉത്തരം വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് നല്‍കുന്നു. നാല് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
കോവിഡ് കാലമായതിനാല്‍ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. ഇതോടെ കര്‍ശനമായ പരിശോധനകള്‍ കുറഞ്ഞു. അതുകൊണ്ടുതന്നെ രഹസ്യമായി കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഹാളില്‍ ഉപയോഗിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് വി.സി സൈബര്‍ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.