അക്രമ രാഷ്ട്രീയത്തിന്റെ വേദനിക്കുന്ന ഓര്‍മ്മയാണ് ചെറുവാഞ്ചേരിയിലെ അസ്ന എന്ന പെണ്‍കുട്ടി. ഇന്ന് ലോകത്തിന് മുന്നില്‍ ഈ പെണ്‍കുട്ടി ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും ജീവിക്കുന്ന ഉദാഹരണമാണ്. പ്രതിസന്ധികളെ അതിജീവിച്ച് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ അസ്ന ഡോക്ടറായി ഇന്ന് സ്വന്തം നാട്ടില്‍ ജോലിയില്‍ പ്രവേശിച്ചു.
നീണ്ട 19 വര്‍ഷങ്ങള്‍ക്കിപ്പുറം മനക്കരുത്തിന്റെ ഊന്നുവടിയേന്തി അവള്‍ നടന്നെത്തിയത് സ്വന്തം സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കാണ്.2000 സെപ്തംബര്‍ 27ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്നയുടെ വലതുകാല്‍ ചിതറിത്തെറിച്ചത്. അവിടെ നിന്നും സ്വന്തം ഇച്ഛാശക്തിയുടെ തേരിലേറി അവള്‍ പറന്നുയര്‍ന്നപ്പോള്‍ ഒരു നാട് മുഴുവന്‍ പിന്തുണയുമായി അവള്‍ക്കൊപ്പം നിന്നു.ഒടുവില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി സ്വന്തം നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് അസ്ന ഡോക്ടറായി ജോലിയില്‍ പ്രവേശിച്ചു.
വേദനയോട് മല്ലിട്ട് ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞിരുന്ന കാലത്താണ് ഡോക്ടറാവുക എന്ന സ്വപ്നം അസ്നയുടെ മനസില്‍ പൂവിട്ടത്.പിന്നീട് ആ സ്വപ്നത്തിലേക്കുളള യാത്രയിലായിരുന്നു ഈ പെണ്‍കുട്ടി. ഇത് അസ്നക്ക് കേവലം ഒരു ജോലി മാത്രമല്ല,കണ്ണീരിന്റെ കാലത്ത് കൈ പിടിച്ച് നടത്തിയ ഒരു നാടിനോടും അവിടുത്തെ മനുഷ്യരോടുമുളള കടംവീട്ടല്‍ കൂടിയാണ്.