കോഴിക്കോട്: അയോധ്യ ഭൂമിതര്‍ക്കകേസിലെ സുപ്രീംകോടതി വിധി ഇന്ന് പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് വിവിധ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍മാര്‍ അഭ്യര്‍ത്ഥനയുമായി വന്നത്.
കേസിന്റെ വിധി വരുന്ന പശ്ചാതലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയര്‍ത്തിപ്പിക്കണമെന്നും കളക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു. കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കണമെന്നും കളക്ടര്‍മാര്‍ അഭ്യര്‍ത്ഥിക്കുന്നു. കാസര്‍കോട് ജില്ലയില്‍ വിധിവരുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ പത്തരയോടെയാണ് അയോധ്യ കേസിലെ വിധി പറയുക. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്ബതുമണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള് നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.