Kerala

അച്ഛൻ ഐസിയുവിൽ, പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടി അധ്യാപിക

അച്ഛൻ ആശുപത്രിയിലായതിനെ തുടർന്ന് പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടി അധ്യാപിക. തൃശൂർ വെള്ളാങ്കല്ലൂർ ഗവ.ജി.യു.പി സ്‌കൂളിലെ അധ്യാപിക ധന്യയാണ് വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് നിരവധിപേരാണ് ടീച്ചറെ അഭിനന്ദിക്കാനെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിനു മുന്നിൽ കഴിഞ്ഞുകൂടിയിരുന്ന അവിനാശിനെയാണ് അധ്യാപിക ധന്യ മാർട്ടിൻ സ്നേഹപൂർവം ചേർത്തുനിർത്തിയത്.

ദിവസങ്ങളായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ശ്വാസകോശസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ് അവിനാശിന്റെ അച്ഛൻ പെരുമ്പടപ്പിൽ ശിവദാസൻ. സഹായത്തിനായി അമ്മ സുനിതയും ആശുപത്രിയിലാണ്.വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ അവിനാശും ആശുപത്രിയിൽത്തന്നെയായിരുന്നു. ശിവദാസന്റെ അസുഖം കൂടുന്നതിന് മുമ്പ് സുനിത ആശുപത്രിയിൽനിന്ന് ജോലിക്ക് പോകാനായി വെള്ളാങ്ങല്ലൂരിൽ വരുമ്പോൾ മകനെ സ്‌കൂളിലേക്കാക്കിയിരുന്നു. അസുഖം കൂടി ശിവദാസനെ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോൾ ഇത് സാധിക്കാതായി.

അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ അവിനാശിനും വിഷമമായിരുന്നു. ശനിയാഴ്ച സ്‌കൂളിലെ പ്രധാനാധ്യാപിക എം.കെ. ഷീബ, ക്ലാസ് അധ്യാപിക ധന്യ, മറ്റൊരു അധ്യാപിക ഷീല എന്നിവർ ആശുപത്രിയിൽ ചെന്നിരുന്നു. ഐ.സി.യു.വിനു മുന്നിൽ അവിനാശ് നിൽക്കുന്നതുകണ്ട് വിഷമം തോന്നിയ ധന്യ അവനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം അവൻ സമ്മതിച്ചില്ല. എന്നാൽ, തിങ്കളാഴ്ച സുനിത ടീച്ചറെ വിളിക്കുകയും സ്‌കൂളിലെത്തി അവിനാശിനെ ടീച്ചറുടെ കൈയിൽ ഏൽപ്പിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് വെള്ളാങ്ങല്ലൂർ ഗവ.യു.പി. സ്‌കൂളിൽനിന്ന് പുല്ലൂരിലെ വീട്ടിലേക്ക് പോയപ്പോൾ ധന്യ ടീച്ചറുടെയും ടീച്ചറുടെ മകനും കൂട്ടുകാരനുമായ ജോസഫിന്റെയും കൈപിടിച്ച് അവിനാശുമുണ്ടായിരുന്നു.

വെൽഡിങ് തൊഴിലാളിയായ ശിവദാസനെ കൊവിഡിനു പിന്നാലെ ശ്വാസകോശസംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു. സുനിത വീട്ടുജോലികൾക്ക് പോയാണ് ശിവദാസന്റെ ചികിത്സയ്ക്കും മകന്റെ പഠനത്തിനും പണം കണ്ടെത്തിയിരുന്നത്. വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് അവിടെനിന്ന് ഇറങ്ങേണ്ടിവന്നു. വീട്ടുസാധനങ്ങളെല്ലാം മറ്റൊരു ബന്ധുവിന്റെ വീട്ടിൽ വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് അസുഖം കൂടി ആശുപത്രിയിലുമായത്.